കാരായിമാര്‍ വോട്ട് പിടിച്ചു;  വോട്ട് ചെയ്തു; ഇന്ന് കോടതിയില്‍ 

തലശ്ശേരി: ഫസല്‍ വധക്കേസിലെ പ്രതികള്‍ കാരായിമാര്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ നാട്ടിലത്തെി വോട്ട് രേഖപ്പെടുത്തി. ഞായറാഴ്ച എത്തിയ ഇരുവരും വാര്‍ഡുകളില്‍ നിശ്ശബ്ദ പ്രചാരണത്തിന് നേതൃത്വം കൊടുത്തശേഷമാണ് തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്താനത്തെിയത്. 
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് പാട്യം ഡിവിഷനില്‍ ജനവിധി തേടുന്ന കാരായി രാജനും തലശ്ശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍ ജനവിധി തേടുന്ന കാരായി ചന്ദ്രശേഖരനും ഞായറാഴ്ച പുലര്‍ച്ചെയോടെയാണ്  നാട്ടിലത്തെിയത്. തുടര്‍ന്ന് വീട് കയറി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ഥിക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. കതിരൂര്‍ പുല്യോട് സി.എച്ച് നഗര്‍ ഗവ. എല്‍.പി സ്കൂളിലാണ് കാരായി രാജന്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. രാവിലെ 7.30ഓടെ വോട്ട് രേഖപ്പെടുത്തിയശേഷം പാട്യം ഡിവിഷനിലേക്ക് പോയി. 
നീതിക്ക് വേണ്ടിയുള്ള വികാരമാണ് വോട്ടര്‍മാര്‍ പങ്കുവെച്ചതെന്ന് കാരായി രാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സത്യം വിജയിച്ചുകാണണമെന്നാണ് അവരുടെ ആഗ്രഹമെന്നും നല്ല പ്രതീക്ഷയോടെയാണ് മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കാരായി ചന്ദ്രശേഖരന്‍ കുട്ടിമാക്കൂല്‍ നോര്‍ത് വയലളം എല്‍.പി സ്കൂളിലാണ് 10.15ഓടെ വോട്ട് രേഖപ്പെടുത്തിയത്. കള്ളക്കേസില്‍ കുടുക്കി തങ്ങളെ നാടുകടത്തിയതിലുള്ള ജനങ്ങളുടെ പ്രതിഷേധമാണ് വോട്ടായി മാറുന്നതെന്നും ഇതാണ് കനത്ത പോളിങ്ങിന് കാരണമെന്നും കാരായി ചന്ദ്രശേഖരന്‍ പറഞ്ഞു. 
എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ഇളവ് നേടിയാണ് ഇരുവരും നാട്ടിലത്തെിയത്. ചൊവ്വാഴ്ച രാവിലെ 11ഓടെ സി.ബി.ഐ പ്രത്യേക കോടതിക്ക് മുന്നില്‍ ഹാജരാവും. ഫലപ്രഖ്യാപനത്തോടനുബന്ധിച്ച് വീണ്ടും തലശ്ശേരിയിലേക്ക് വരുന്നതിനെക്കുറിച്ച് അഭിഭാഷകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ഇരുവരും അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.